തിരൂരിനെ കലാപഭൂമിയാക്കരുതേ

Wednesday, January 24, 2007

“സ്കോറെത്ര”
“അവരാറ് ഇവരെട്ട്”
രണ്ട് സുഹൃത്തുക്കളുടേതാണ് കമന്റ്
ഫുട്ബോളുകളിയായിരിക്കുമെന്ന് കരുതി കാതോര്‍ത്തപ്പോഴാണ് സംഗതി കളിയല്ലെന്ന് മനസ്സിലായത്.
തിരൂരിലെ ആര്‍‌എസ്‌എസ് എന്‍‌ഡി‌എഫ് സംഘട്ടനത്തില്‍ വെട്ടേറ്റവരുടെ കണക്കാണ് അവര് പറയുന്നത്. എന്തു ലാഘവത്തോടെ. കൊലപാതകങ്ങള്‍ വീരവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതൊക്കെ പ്രതീക്ഷിക്കാം അല്ലേ.
ഇന്ന് കാലത്തും നാല് പേര്‍ക്ക് വെട്ടേറ്റിരിക്കുന്നുവത്രേ! മൊട്ടോര്‍ബൈക്കുകള്‍ക്ക് നിരോധനമാണ്. റോഡുമുഴുവന്‍ ചെക്കിങ്ങും. രണ്ട് പേരില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. എന്നിട്ടും ഇന്ന്‍ നാലുപേര്‍ക്ക് വെട്ടേറ്റെന്ന്!
മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും പേരില്‍ കൊലപാതകങ്ങള്‍ പെരുകുന്നതിന് ആരാണ് കാരണക്കാര്‍. നാമൊക്കെ പൂവിട്ട് പൂജിക്കുന്ന ചിലരൊക്കെ തന്നെയായിരിക്കും അവക്കു പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഭരണകൂടത്തിന് കഴിയാത്തതെന്തേ?
വോട്ടുബാങ്കിനും ബാങ്കുബാലന്‍സിനുംവേണ്ടി രാഷ്ട്രസേവ ചെയ്യുന്നവരേ നിങ്ങളോടൊരപേക്ഷ ”നാടിനെ കലാപഭൂമിയാക്കരുതേ നിങ്ങള്‍”

മദനിയെക്കുറിച്ചൊരു റൂമര്‍

Wednesday, January 17, 2007

ഇന്നലെ അര്‍ദ്ധരാത്രിക്ക്‌ ഒരുഫോണ്‍കോള്‌. ഒരു സുഹൃത്താണ്‌. കോയമ്പത്തൂര്‌ ജയിലില്‌ മദനിയെ തല്ലിക്കൊന്നെന്ന്. കേരളം കലാപത്തിലേക്കെന്ന്. പിന്നെ വിളിച്ചവരൊക്കെ പറഞ്ഞു അവരും അങ്ങിനെയൊരു റൂമറ്‌ കേട്ടെന്ന്. എന്റെ ഒരു സുഹൃത്ത്‌ ചെന്നൈയിലേക്ക്‌ പോകേണ്ടിയിരുന്നത്‌ മാറ്റിവച്ചു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ അറിഞ്ഞവരിലൊക്കെ. ടി.വിയിലും മറ്റും സംഭവത്തെക്കുറിച്ച്‌ ഒന്നുമില്ലായിരുന്നു. നേരം വെളുത്തപ്പോള്‍ ഇന്‍ഡ്യാവിഷനില്‍ ഫ്ലാഷുണ്ടായിരുന്നത്രേ വെറും റൂമറാണെന്ന്. ഞാന്‍ ചെന്നൈയിലേക്കു പോകാനിരുന്ന സുഹൃത്തിനെ വിളിച്ചു പറഞ്ഞു. "ഇല്ല ഞാനൊരാഴ്ച്ചത്തേക്ക്‌ എങ്ങോട്ടുമില്ല". ആരാണീ റൂമറിനു പിന്നെലെന്നോ എന്താണ്‌ ഉദ്ദേശ്യമെന്നോ അറിഞ്ഞൂട. ഒന്നുകില്‍ ആരുടേയോ തമാശ. അല്ലെങ്കില്‍ മറ്റ്‌ എന്തോ ഹിഡ്ഡന്‍ അജണ്ട. രണ്ടാമത്തേതിനാണ്‌ കൂടുതല്‍ സാദ്ധ്യതയെന്ന് കരുതുന്നതില്‍ ന്യായമില്ലാതില്ല, അല്ലേ... പ്രത്യേകിച്ചും ആയുധവേട്ടയുടെ കഥകള്‍ പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍.

"ദൈവമുണ്ടായിരുന്നെങ്കില്‍ ഇവര്‍ അന്ധരാകുമായിരുന്നോ"

"ദൈവമുണ്ടായിരുന്നെങ്കില്‍ ഇവര്‍ അന്ധരാകുമായിരുന്നോ"ബഹുമാനപ്പെട്ട വിദ്യഭ്യാസമന്ത്രി ശ്രീ. എം.എ ബേബിയുടേതാണ്‌ മേല്‍പ്പറഞ്ഞ ഉദ്ദരണി. ഒരു അന്ധ-വിദ്യാലയത്തിനുള്ള സഹായവിതരണം നടത്തുന്നതാണ്‌ സന്ദര്‍ഭം. ഒരുമന്ത്രി എന്ന നിലക്ക്‌ ബേബി അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ഒരുകൂട്ടര്‍. അന്ധവിശ്വാസങ്ങളെ വെറുക്കുന്നുവെങ്കില്‍ ശബരിമല വിളക്കിന്റെ രഹസ്യം കൂടി പുറത്തു പറയട്ടെ എന്ന് യുക്തിവാദികള്‍. ശബരിമല നല്ലൊരു വരുമാനമാര്‍ഗ്ഗമായതുകൊണ്ട്‌ ചിലതൊക്കെ കണ്ണടക്കാമെന്ന് വേരൊരുകൂട്ടര്‍. മതത്തിലും ദൈവത്തിലും തൊട്ടുക്കളികരുതെന്ന് വേറെ ചിലര്‍. കേരളത്തില്‍ ആയുധവേട്ടയെന്ന് പത്രങ്ങള്‍. മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മണ്ണ് പങ്കുവെച്ചുവെന്ന് കവി. സര്‍ക്കാറു ഫോമിലെ ജാതി-മത കോളങ്ങളില്‍ എന്തെഴുതണമെന്നറിയാതെ ഞാന്‍. ഒന്നു പറഞ്ഞുതരൂ. ഞാന്‍ എന്തു ചെയ്യും.

സദ്ദാമിന്റെ കൂട്ടാളികളേയും വധിച്ചു

ഇറാഖിലെ അമേരിക്കന്‍ പാവ ഗവണ്‍മന്റ്‌ സദ്ദാമിന്റെ കൂട്ടാളികളേയും വധിച്ചു. ഐക്യരാഷ്ട്രസഭയുടേയും മറ്റു ലോകരാഷ്ട്രങ്ങളുടെയും എതിര്‍പ്പിന്‌ പുല്ലുവിലകല്‍പ്പിച്ച്‌ എനിക്ക്‌ എന്തുമാവാം എന്ന യാങ്കി കഴുകന്റെ ധാര്‍ഷ്ട്യം ഒരിക്കല്‍കൂടി ലോകം കണ്ടു. സദ്ദാമിന്റെ കൂട്ടാളി ബര്‍സാന്റെ ശിരസറുത്ത്‌ കിരാതത്വം വെളിവാക്കിയ ഭരണകൂടം ഒന്നു മനസിലാക്കിയാല്‍ നന്ന്- സാമ്രാജ്യത്വത്തിനു മുന്നില്‍ 'ഇന്നു ഞാന്‍ നാളെ നീ'.

തുടക്കം

Tuesday, January 16, 2007

നാട്ടുകാര്യങ്ങളിലേക്ക്‌ ഒരു എത്തിനോട്ടം. എന്റെ കൊച്ചു ബ്ലോഗുകൊണ്ട്‌ അത്രയേ ഉദ്ദേശ്ശിക്കുന്നുള്ളൂ. എന്റെ ഉദ്ദ്യമം വിജയിക്കുമോ എന്തോ? എങ്കിലും ഒരു കൈ നോക്കാം അല്ലേ.

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP